
ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ യുവതിയും മാതാവും ചേർന്നാണ് പരാതി സമർപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി അഭിഷേകുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നതോടെ താരം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നുമാണ് യുവതിയുടെ ആരോപണം. ഇതോടെയാണ് നിയമനടപടിക്കായി യുവതി പൊലീസിനെ സമീപിച്ചത്.
അതേസമയം, ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് അഭിഷേക് രംഗത്തെത്തി. വിഷയത്തിൽ പൊലീസ് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നുമാണ് താരത്തിന്റെ പ്രതികരണം. താൻ ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാലാണ് ഇത്തരം വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്നും പൊലീസ് വിശദീകരണം തേടിയാൽ തന്റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുള്ള അഭിഷേക്, 2023 മുതൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ താരമാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് 108 റൺസ് നേടിയ താരം, ഒരു സീസണിൽ ഏകദേശം നാല് കോടി രൂപ പ്രതിഫലം ലഭിക്കുന്ന താരങ്ങളിലൊരാളാണ്. ബംഗാളിനായി 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 23 ലിസ്റ്റ് എ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.










